മദ്യപിക്കാന്‍ പണം നല്‍കിയില്ല; പിതാവിനെ ഇഷ്ടികകൊണ്ട് അടിച്ചുകൊലപ്പെടുത്തി 19 കാരന്‍

07:44 AM Sep 09, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശിലെ സര്‍ഫാബാദില്‍ പിതാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 19 കാരന്‍. പിതാവിന്റെ മൃതദേഹത്തിനരികില്‍ രാത്രിമുഴുവന്‍ യുവാവ് കിടന്നുറങ്ങി. സര്‍ഫാബാദ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന 43 കാരനായ ഗൗതമിനെ മകന്‍ ഉദയ് ഇഷ്ടികകൊണ്ട് തലയ്ക്ക് തുടരെ അടിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ മൃതദേഹത്തിനരികില്‍ കിടന്ന് ഉറങ്ങിയെന്ന് ഉദയ് പൊലീസിനോട് പറഞ്ഞു.

മദ്യപിക്കാനും ദൈനംദിന ആവശ്യങ്ങള്‍ക്കുമായി പിതാവിനോട് ഉദയ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗൗതം പണം നല്‍കാന്‍ വിസമ്മതിച്ചു. ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ഗൗതമിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ 19 കാരനെ അറസ്റ്റ് ചെയ്തു.