ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; മണ്ണിടിച്ചിലിൽ മരണം 30 ആയി

02:07 PM Aug 27, 2025 | Neha Nair

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം ഉണ്ടായ ഡോഡയിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഡാമുകൾ തുറന്നത്തിലൂടെ പഞ്ചാബിലും പ്രളയ ഭീഷണി നേരിടുന്നുണ്ട്. ഡൽഹി, ഹരിയാന, ഉത്തരഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവീ ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിൽ മരണം 30 ആയി. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം ലഭിക്കുന്നത്. പ്രദേശത്ത് സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്ര താത്കാലികമായി നിർത്തിവെച്ചു.

ശക്തമായ മഴയെ തുടർന്ന് ഒഡീഷയിൽ ബാലസോർ, ഭദ്രക്, ജാജ്പൂർ ജില്ലകളിലെ 170ലേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടർന്ന് കുളു, മണാലി മേഖലയിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെടുകയും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിതീവ്രമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.