വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

09:53 AM Oct 14, 2025 | Renjini kannur

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത.മഴ മുന്നറിയിപ്പ് അനുസരിച്ച്‌ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.