+

കുപ്വാരയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

കുപ്വാരയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കുപ്വാര സെക്ടറിലെ നിയന്ത്രണ രേഖയിൽ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർത്തത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നതായും സുരക്ഷ വർധിപ്പിച്ചതായും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.

'ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിലെ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ രീതിയിൽ രണ്ട് ഭീകരരെ സൈന്യം കണ്ടുമുട്ടി. തുടർന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സൈന്യം ഇവരെ വധിച്ചത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക' എന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

അടുത്തിടെ, ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബീരാന്തബ് പ്രദേശത്ത് ജമ്മു കാശ്മീർ പൊലീസിന്റെ സ്പെഷ്യൽ ടീമും ഭീകരവാദികളും ഏറ്റുമുട്ടിയിരുന്നു. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതോടെ കാലാവസ്ഥ മുതലെടുത്ത് ഭീകരർ നിയന്ത്രണ രേഖ മറികടക്കാൻ സാധ്യതയുണ്ട്. അതിനാൽ സൈന്യം കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ സേനക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേശീയ തലസ്ഥാനത്ത് അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ ഈ നിർദേശം.

മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, യൂനിയൻ ഹോം സെക്രട്ടറി, ഇന്റലിജൻസ് ബ്യുറോ മേധാവി, ആർമി സ്റ്റാഫ് മേധാവി, ചീഫ് സെക്ട്രടറി, ഡി.ജി.പി (കേന്ദ്ര ആയുധ പൊലീസ് സേന), മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

facebook twitter