
ഓസ്ട്രേലിയയെ നടുക്കിയ സിഡ്നി വെടിവെപ്പിന് പിന്നാലെ ഭീകരന്റെ അതേ പേരുള്ള പാകിസ്താന്‍ വംശജന് നേരെ കടുത്ത സൈബറാക്രമണം. ആക്രമണം നടത്തിയ ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് സൈബറാക്രമണം. പാകിസ്താനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ നവീദ് അക്രം എന്നയാള്‍ക്കാണ് സൈബറാക്രമണം നേരിടേണ്ടിവന്നത്.
സിഡ്നിയില്‍ ജൂതര്‍ക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരന്റെ പേരും നവീദ് അക്രം എന്നായിരുന്നു. ഇയാള്‍ പാകിസ്താന്‍ വംശജനുമാണ്. എന്നാല്‍ വെടിവെപ്പിന് പിന്നാലെ നിരപരാധിയായ, നവീദ് അക്രം എന്നുപേരുള്ള മറ്റൊരു പാകിസ്താന്‍ വംശജന് നേരെയാണ് സൈബറാക്രമണം ഉണ്ടാകുന്നത്. നവീദിന്റെ ഫേസ്ബുക്ക് പേജില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ചുനില്‍ക്കുന്ന ചിത്രമാണുള്ളത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
സൈബറാക്രമണം തന്റെ മനസമാധാനം തകര്‍ത്തുവെന്ന് നവീദ് അക്രം പ്രതികരിച്ചു. തനിക്ക് ഈ ആക്രമണത്തെപ്പറ്റി അറിയുക പോലും ഇല്ലെന്നും എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും നവീദ് പറയുന്നു. 'എനിക്ക് പുറത്തുപോകാന്‍ പോലും കഴിയുന്നില്ല. രാത്രികളില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. എന്റെ കുടുംബമടക്കം ഭീതിയിലാണ്. അവരെയടക്കം ആളുകള്‍ തെറ്റിദ്ധാരണ മൂലം വിളിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കണം'; നവീദ് അഭ്യര്‍ത്ഥിച്ചു. സിഡ്നിയിലെ പാകിസ്താന്‍ എംബസി നവീദിന്റെ അഭ്യര്‍ത്ഥന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
2018ലാണ് സൈബറാക്രമണത്തിനിരയായ നവീദ് അക്രം ഓസ്ട്രേലിയയിലേക്കെത്തുന്നത്. സെന്‍ട്രല്‍ ക്യൂന്‍സ്ലന്‍ഡ് സര്‍വകലാശാലയില്‍ പഠിക്കാനെത്തിയതാണ് നവീദ് അക്രം. പഠനത്തിന് പിന്നാലെ കാര്‍ റെന്റല്‍ ബിസിനസുമായി നവീദ് ഓസ്ട്രേലിയയില്‍ തന്നെ താമസമാക്കുകയായിരുന്നു.
ഡിസംബര്‍ 14നാണ് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടന്നത്.