ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർത്തലാക്കിയ സംസ്ഥാന ലോട്ടറി സമ്പ്രദായം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ജൂലൈ 31-ന് മന്ത്രിസഭാ യോഗത്തിൽ എടുത്ത ഈ തീരുമാനം, സംസ്ഥാനത്ത് ഡിജിറ്റൽ ഫോർമാറ്റിൽ ലോട്ടറികൾ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതുപോലെ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ മാതൃകകൾ പിന്തുടരുകയാണ് സർക്കാരിന്റെ സമീപനം എന്നാണ് സൂചന.
1996-ൽ പുറത്ത് വന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തിവെച്ചതും, 1999-ൽ അന്നത്തെ മുഖ്യമന്ത്രി പ്രേം കുമാർ ധുമലിന്റെ ഭരണകാലത്ത് പൂർണമായി നിർത്തലാക്കിയതുമായ ലോട്ടറി സംവിധാനം ഡിജിറ്റൽ രൂപത്തിൽ തിരിച്ചെത്തുകയാണ്. ഈ നീക്കം ഭരണപക്ഷത്തിന് വരുമാനത്തിൽ പുതിയൊരു വഴിയൊരുക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, സാമൂഹികവും ധാർമ്മികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിതുറന്നിരിക്കുകയാണ്.
ഇന്ത്യയിൽ ലോട്ടറി നിയന്ത്രിക്കുന്നത് 1998-ലെ ലോട്ടറി (റെഗുലേഷൻ) ആക്ട് ആണ്. സംസ്ഥാന സർക്കാരുകൾക്ക് ലോട്ടറി നടത്താനോ നിരോധിക്കാനോ ഈ നിയമം അധികാരം നൽകുന്നു. അതുകൊണ്ടാണ് കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ നിയമപരമായി ലോട്ടറി നടത്തുന്നത്. ഈ സംസ്ഥാനങ്ങൾക്ക് ലോട്ടറി വലിയ വരുമാന മാർഗ്ഗമാണ്. ഉദാഹരണത്തിന്, 2024-25 സാമ്പത്തിക വർഷത്തിൽ കേരളം ലോട്ടറി വഴി 13,500 കോടിയിലധികം രൂപ നേടിയപ്പോൾ, പഞ്ചാബിന് 235 കോടി രൂപയുടെ വരുമാനം ലഭിച്ചു.