ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് തടയുന്നതിനുള്ള മുൻകൂർ നടപടിയെന്ന നിലയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് സംസ്ഥാനത്ത് ഇനി ആധാർ കാർഡുകൾ ലഭിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ ഒരു മാസത്തെ സമയം മാത്രമേ നൽകൂ എന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, തേയില ഗോത്രങ്ങൾ 18 വയസ്സിന് മുകളിലുള്ള എസ്.സി, എസ്.ടി വിഭാഗക്കാർ എന്നിവർക്ക് അടുത്ത ഒരു വർഷത്തേക്ക് ആധാർ കാർഡുകൾ ലഭ്യമാക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാരുടെ ഐഡന്റിറ്റികളുടെ ആധികാരികത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധാർ കാർഡ് വിതരണം നിയന്ത്രിക്കാനുള്ള തീരുമാനമെന്നാണ് ബി.ജെ.പി സർക്കാറിന്റെ വാദം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നും ശർമ പറഞ്ഞു.