യു.പിയിലെ ചരിത്രസ്മാരകമായ നവാബിന്റെ ശവകുടീരം തകർത്ത് ഹിന്ദുത്വവാദികൾ

06:51 PM Aug 11, 2025 | Neha Nair

ലഖ്നോ: യു.പിയിൽ ചരിത്രസ്മാരകമായ നവാബിന്റെ ശവകുടീരം തകർത്ത് ഹിന്ദുത്വവാദികൾ. ഫത്തേപൂരിലാണ് സംഭവമുണ്ടായത്. ക്ഷേത്രം തകർത്താണ് ശവകുടീരം നിർമിച്ചതെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനയുടെ നടപടി. പ്രദേശത്ത് സംഘർഷത്തിനുള്ള സാധ്യത മുൻനിർത്തി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നവാബ് അബ്ദുസ് സമദിന്റെ ശവകുടീരം നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആരോപണം ഉയർത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇവിടെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. കെട്ടിടത്തിലെ താമരപൂവിന്റെ ശിൽപം ഉൾപ്പടെ ഇതിന് തെളിവാണെന്നും ഇയാൾ പറഞ്ഞിരുന്നു.

ഈ ആരോപണത്തിന് പിന്നാ​ലെ ഹിന്ദുത്വസംഘടനയുടെ പ്രവർത്തകർ ശവകുടീരത്തിലേക്ക് കടന്ന് അത് തകർക്കുകയായിരുന്നു. ഇവർ അവിടെ പൂജ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഇവർ ഇവിടെ പൂജ നടത്തിയതായി റിപ്പോർട്ടുകളില്ല.

കേന്ദ്രസർക്കാർ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്ന സ്ഥലത്താണ് ഇത്തരത്തിൽ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടമുണ്ടായിരിക്കുന്നത്. ശവകുടീരം ക്ഷേത്രമാണെന്ന ആരോപണം ഉയർന്നതോടെ പ്രദേശത്ത് സംഘർഷസാധ്യതയുണ്ടായിരുന്നു.