ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്: വി ഡി സതീശന്‍

07:18 AM Aug 06, 2025 | Suchithra Sivadas

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും നിരവധി വൈദികരും പാസ്റ്റര്‍മാരുമുള്‍പ്പെടെയുളള ക്രൈസ്തവര്‍ ജയിലിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുടെ കാപട്യം നേരത്തെ തന്നെ ജനങ്ങള്‍ക്ക് മനസിലായതാണെന്നും ഛത്തീസ്ഗഡിലെ സംഭവത്തോടെ ബാക്കിയുണ്ടായിരുന്ന ചിലര്‍ക്കും കാര്യം വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു.

'എല്ലാവര്‍ക്കുമറിയാം രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന്. 834-ാമത്തെ സംഭവമാണ് ഒരുവര്‍ഷത്തിനുളളില്‍ നടന്നത്. ഒരുപാട് വൈദികരും പാസ്റ്റര്‍മാരും ക്രൈസ്തവരുമെല്ലാം ജയിലിലാണ്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് 2023 ഡിസംബറില്‍ ക്രിസ്മസ് കാലത്ത് ഞാന്‍ പറഞ്ഞതാണ്. ആട്ടിന്‍തോലിച്ച ചെന്നായ്ക്കള്‍ കേക്കുകളുമായി അരമനകള്‍ കയറിയിറങ്ങി വരുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോള്‍ ബോധ്യമായില്ലേ? ബിജെപി ഇടപെട്ടിട്ടാണ് ജാമ്യം കൊടുത്തതെന്നാണ് ഇപ്പോള്‍ പറയുന്നത്. കോടതിയാണ് ജാമ്യം കൊടുത്തത്. ഛത്തീസ്ഗഡിന്റെ പ്രോസിക്യൂഷനും ബജ്റംഗ്ദളും എതിര്‍ത്തിട്ടും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ട കോടതിയാണ് ജാമ്യം കൊടുത്തത്. ആ കേസ് പിന്‍വലിക്കണം. അതിനുളള നിയമനടപടികള്‍ക്ക് ഞങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ട്'- വി ഡി സതീശന്‍ പറഞ്ഞു.