താന്‍ മരിക്കാന്‍ പോവുകയാണെന്ന് പൊലീസിനെ വിളിച്ചറിയിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ കൃത്യമായ ഇടപ്പെടലിലൂടെ രക്ഷപ്പെടുത്തി കേരള പൊലീസ്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാത്രിയോടെയാണ് തൃശൂര്‍ വാടാനപ്പള്ളി സ്റ്റേഷനിലേക്ക് യുവാവിന്റെ കോള്‍ വരുന്നത്. കോളെടുത്ത സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയോട് താന്‍ മരിക്കാന്‍ പോവുകയാണെന്ന് യുവാവ് അറിയിച്ചു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ വീട് കണ്ടെത്തി യുവാവിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
തളിക്കുളം കച്ചേരിപ്പടി സ്വദേശിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. യുവാവിന്റെ കോള്‍ ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് ഇയാളുടെ ഫോണ്‍ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഈ സമയം തൂങ്ങിമരിക്കാന്‍ തയ്യാറെടുക്കുന്ന യുവാവിനെയാണ് കണ്ടത്. പിന്നാലെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥലം കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ വീട് കണ്ടെത്തിയപ്പോഴേക്കും യുവാവ് തൂങ്ങിയിരുന്നു. എന്നാല്‍ വാതില്‍ പൊളിച്ചെത്തി പൊലീസ് കുരുക്കഴിച്ച് ഉടന്‍ സിപിആര്‍ നല്‍കുകയായിരുന്നു. ഈ കൃത്യമായ ഇടപ്പെടലാണ് യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. പിന്നാലെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ ഫിറോസ്, സിപിഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യാം എന്നിവരുടെ നേത്യത്വത്തിലെത്തിയ സംഘമാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.