വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

07:05 PM Oct 14, 2025 | Neha Nair

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ഇന്ത്യക്ക് വേണ്ടി ഓപ്പണർ കെ.എൽ രാഹുൽ പുറത്താവാതെ അർദ്ധ സെഞ്ച്വറി നേടി. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 140 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം.

Trending :

വിജയിക്കാൻ 58 റൺസ് വേണ്ടിയിരുന്ന അവസാന ദിനം, ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചു. എന്നാൽ, കൂറ്റൻ സ്കോർ നേടിയ യശസ്വി ജയ്‌സ്വാളിന് (8 റൺസ്) വേഗത്തിൽ മടങ്ങേണ്ടി വന്നു. ജോമെൽ വാരിക്കനാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് നേടിയത്. 25 റൺസുമായി കെ.എൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിലുണ്ടായിരുന്നത്.

അഞ്ചാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത് സായ് സുദർശനെയാണ്. 39 റൺസെടുത്ത സായ്, വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിൻ്റെ പന്തിൽ പുറത്തായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുൽ സ്കോർ 100 കടത്തി. എന്നാൽ 108 റൺസിൽ നിൽക്കെ, 13 റൺസ് മാത്രമെടുത്ത ഗില്ലിനെയും ചേസ് പുറത്താക്കി. തുടർന്ന് ധ്രുവ് ജുറേലുമായി ചേർന്ന് അർധസെഞ്ച്വറി പൂർത്തിയാക്കിയ കെ.എൽ. രാഹുൽ (പുറത്താകാതെ 58 റൺസ്) ടീമിനെ വിജയത്തിലേക്ക് നയിച്ചു.