റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും എന്ന് വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഒരിക്കല്‍ കൂടി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല. അവര്‍ ഇതിനോടകം അത് കുറച്ചു' എന്ന് ട്രംപ് പറഞ്ഞു. നാറ്റോ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍, നയതന്ത്രവും താരിഫും ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ പരാമര്‍ശം.
അതിനിടെ റഷ്യന്‍ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന നാറ്റോ അംഗമായ ഹംഗറിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ട്രംപിന്റെ വിചിത്ര വിശദീകരണവുമെത്തി 'ഹംഗറി ഒരുതരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്, കാരണം അവര്‍ക്ക് വര്‍ഷങ്ങളായി നിലവിലുള്ള ഒരു പൈപ്പ്‌ലൈന്‍ മാത്രമേയുള്ളൂ. അവര്‍ ഉള്‍നാട്ടിലാണ്. അവര്‍ക്ക് കടലുമായി ബന്ധമില്ല. അവര്‍ക്ക് എണ്ണ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അത് ഞാന്‍ മനസിലാക്കുന്നു' എന്ന് ട്രംപ് പറഞ്ഞു.