ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് ഇന്ത്യൻ റെയിൽവേ.ചില പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ തന്നെ ഇലക്ട്രോണിക് വെയിംഗ് മെഷീനുകള്‍ വഴി യാത്രക്കാർ അവരുടെ ലഗേജ് കൈമാറേണ്ടതുണ്ട്. യാത്രക്കാർക്ക് അനുവദനീയമായ ഭാര പരിധി നടപ്പിലാക്കുമെന്നാണ് സൂചന. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് അധിക പിഴകള്‍ ഈടാക്കും.
കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കില്‍ പോലും വലിയ ലഗേജുകള്‍ അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.പ്രയാഗ്രാജ് ജംഗ്ഷൻ, പ്രയാഗ്രാജ് ചിയോകി, സുബേദാർഗഞ്ച്, കാണ്‍പൂർ സെൻട്രല്‍, മിർസാപൂർ, തുണ്ട്ല, അലിഗഡ് ജംഗ്ഷൻ, ഗോവിന്ദ്പുരി, ഇറ്റാവ എന്നിവയുള്‍പ്പെടെ എൻസിആർ സോണിന് കീഴില്‍ വരുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്രാരംഭ പ്രവർത്തനങ്ങള്‍ നടക്കുക.
പുതിയ ലഗേജ് പരിധി അനുസരിച്ച്, ഈ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് അവരുടെ ലഗേജുകളുടെ ഭാരം കണക്കാക്കിയ ശേഷം മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ബാഗേജ് അലവൻസുകള്‍ വ്യത്യാസപ്പെടും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിന് 40 കിലോ. ജനറല്‍ ക്ലാസ് യാത്രക്കാർക്ക് 35 കിലോ എന്നിങ്ങനെ ബാഗേജ് അലവൻസുകള്‍ പരിമിതപ്പെടുത്തും.
കൂടാതെ, പുനർനിർമ്മിച്ച സ്റ്റേഷനുകളില്‍ പ്രീമിയം സിംഗിള്‍ ബ്രാൻഡ് ഔട്ട്ലെറ്റുകള് ആരംഭിക്കാനും ഇന്ത്യൻ റെയില്‍വേ പദ്ധതിയിടുന്നുണ്ടെന്നും വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്സ്, യാത്രാ ഉപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഈ കടകളില്‍ വില്‍ക്കുമെന്നും റിപ്പോർട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.