
തെറ്റായ ദിശയില്‍ ട്രക്ക് ഓടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ വംശജന്‍ ഹര്‍ജീന്ദര്‍ സിങ് അമേരിക്കയില്‍ തങ്ങുന്നത് അനധികൃതമെന്ന് ട്രംപ് ഭരണകൂടം. ഏഴു വര്‍ഷം മുമ്പ് 2018 സെപ്തംബറില്‍ അനധികൃതമായി യുഎസില്‍ പ്രവേശിച്ച ഹര്‍ജീന്ദറിനെ രണ്ടു ദിവസത്തിന് ശേഷം അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ജീന്ദര്‍ സിങ്ങിനെതിരെയുള്ള നടപടികള്‍ പുരോഗമിക്കുകയാമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
അറസ്റ്റിലായതിന് ശേഷം നാടുതടത്താനുള്ള നടപടി ആരംഭിച്ചെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമുണ്ടെന്ന് ഹര്‍ജീന്ദര്‍ അവകാശപ്പെട്ടു. ഇത് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അംഗീകരിക്കുകയും അയ്യായിരം ഡോളറിന്റെ ബോണ്ടില്‍ വിട്ടയക്കുകയും ചെയ്തു.
ഓഗസ്ത് 12ന് ഫ്ളോറിഡ ടേണ്‍പൈക്കില്‍ ഫോര്‍ട്ട് പിയോഴ്സിന് സമീപം മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജീന്ദര്‍ സിങ് അറസ്റ്റിലായത്. നരഹത്യയുടെ മൂന്നുവകുപ്പുകള്‍ ചുമത്തി ഹര്‍ജീന്ദറിനെ അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ നിയമപ്രകാരം ഇതിന് 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ഹര്‍ജീന്ദര്‍ സിങ് അനധികൃതകുടിയേറ്റക്കാരനെന്ന് കണ്ടെത്തിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.