ജിഎസ്ടി കൗണ്‍സില്‍ എല്ലാ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും (യൂലിപ്സ്, റൈഡറുകള്‍, ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനുകള്‍ ഉള്‍പ്പെടെ) 18% നികുതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഇനി 18% ജിഎസ്ടി നല്‍കേണ്ടതില്ല. ഈ മാറ്റം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം ഇന്‍ഷുറന്‍സ് പ്രീമിയം അഞ്ചിലൊന്ന് കുറയേണ്ടതാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) നഷ്ടപ്പെടുന്നതിനാല്‍ പ്രവര്‍ത്തനച്ചെലവ് നികത്താന്‍ അവര്‍ അടിസ്ഥാന പ്രീമിയം ഉയര്‍ത്തിയേക്കാം. ജിഎസ്ടി ഒഴിവാക്കുന്നതോടെ, കമ്മീഷന്‍, ഓഫീസ് വാടക തുടങ്ങിയ ചെലവുകള്‍ക്ക് ഐടിസി ക്ലെയിം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയില്ല. ഈ ചെലവ് ഇപ്പോള്‍ അവരുടെ ബാധ്യതയായി മാറുന്നത് കൊണ്ടാണിത്.
യഥാര്‍ത്ഥ ലാഭം എത്ര?
ഐടിസി നഷ്ടം കാരണം അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 3-5% വരെയും, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 0.5-1.5% വരെയും വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതായത്, 5,000 രൂപയുടെ പ്രീമിയം പരിഷ്‌കരണത്തിന് ശേഷം 5,250 രൂപയായി ഉയര്‍ന്നേക്കാം. ഇത് നിലവിലെ ജിഎസ്ടി ഉള്‍പ്പെടെയുള്ള 5,900 രൂപയേക്കാള്‍ കുറവാണെങ്കിലും വലിയ വ്യത്യാസമില്ല. ചെലവുകള്‍ കൂടുതലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ അടിസ്ഥാന നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ജിഎസ്ടി ഒഴിവാക്കല്‍ വ്യക്തിഗത പോളിസികള്‍ക്ക് മാത്രമാണ് ബാധകം. സാധാരണയായി തൊഴിലുടമകള്‍ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സിന് 18% ജിഎസ്ടി തുടര്‍ന്നും ബാധകമായിരിക്കും.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
നിലവില്‍ പ്രീമിയം അടയ്ക്കാന്‍ സമയം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 22 വരെ കാത്തിരിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. എങ്കിലും, പോളിസി പ്രീമിയം പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22-ന് മുന്‍പാണെങ്കില്‍, പ്രീമിയം അടയ്ക്കുന്നത് വൈകിപ്പിക്കരുത്. പോളിസി മുടങ്ങുന്നത് നോ-ക്ലെയിം ബോണസ്, പ്രീമിയം ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസം പോളിസി എടുത്ത ഉപഭോക്താക്കളില്‍ ചിലര്‍ 'ഫ്രീ ലുക്ക്-ബാക്ക് പിരീഡ്' ഉപയോഗിച്ച് പോളിസി റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോളിസി എടുത്ത് 30 ദിവസത്തിനുള്ളില്‍ പിഴയില്ലാതെ റദ്ദാക്കാനുള്ള അവസരമാണ് 'ഫ്രീ ലുക്ക്-ബാക്ക് പിരീഡ്'.
പുതിയ ഉപഭോക്താക്കള്‍ക്ക് ഉടന്‍ പ്രീമിയം കുറച്ചുകൊണ്ടുള്ള പോളിസികള്‍ ലഭ്യമാക്കുമെന്ന് കമ്പനികള്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ പോളിസി എടുത്തവര്‍ക്ക് പ്രീമിയം തുക എങ്ങനെ കുറയ്ക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.