ഐഫോൺ 17 എയർ വരിക പുത്തൻ കളർ വേരിയൻറിൽ

07:57 PM Jul 13, 2025 | Kavya Ramachandran

കാലിഫോർണിയ: ആപ്പിളിൻറെ  ഐഫോൺ 17 എയർ വരാനിരിക്കുകയാണ്. സെപ്റ്റംബർ മാസം ഐഫോൺ 17 സീരീസിനൊപ്പമായിരിക്കും പുത്തൻ എയർ മോഡൽ പുറത്തിറങ്ങുക. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോൺ എന്ന വിശേഷണവുമായി അവതരിക്കാനിരിക്കുന്ന ഐഫോൺ 17 എയറിന് പുത്തൻ കളർ ലുക്കും ആപ്പിൾ നൽകിയേക്കും എന്ന് ലീക്കുകളുണ്ട്. ഐഫോൺ 17 എയറിൽ 48 എംപി റിയർ ക്യാമറ, 24 എംപി സെൽഫി ക്യാമറ, എ19 ചിപ്, 12 ജിബി റാം 2,800 എംഎഎച്ച് ബാറ്ററി, ആപ്പിളിൻറെ സ്വന്തം 5ജി മോഡം, വൈ-ഫൈ 7 എന്നീ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വരുമെന്ന സൂചനകൾക്ക് പിന്നാലെയാണ് പുതിയ ലീക്ക്.

ആപ്പിൾ മുൻ ഐഫോണുകളിൽ ഉപയോഗിച്ച നീല നിറത്തിൽ നിന്ന് വ്യത്യസ്‌തമായ ബ്ലൂ ഷെയ്‌ഡ് ഐഫോൺ 17 എയറിന് നൽകുമെന്നാണ് ഫിക്‌സഡ് ഫോക്കസ് ഡിജിറ്റൽ എന്ന ലീക്കർ വൈബോയിൽ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്. ഇതൊരു കസ്റ്റം pale blue നിറമായിരിക്കും. ആപ്പിൾ അത്യപൂർവമായി മാത്രമേ പരമ്പരാഗത ക്ലാസിക് ബ്ലാക്ക്, വൈറ്റ്, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, സ്പേസ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ നിന്ന് വ്യതിചലിക്കാറുള്ളൂ. അതിനാൽ തന്നെ പുത്തൻ നിറം ഐഫോൺ 17 ലൈനപ്പിന് ഫ്രഷ് ലുക്ക് നൽകാൻ ഉതകുന്നതാണ്. എങ്കിലും ഈ കളർ വേരിയൻറിന് സ്ഥിരീകരണം വരണമെങ്കിൽ ഐഫോൺ 17 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ച് വരെ കാത്തിരിക്കണം.

നിറം മാറ്റത്തിന് അപ്പുറത്തേക്ക് ഐഫോൺ 17 എയറിൽ വരാൻ സാധ്യതയുള്ള മറ്റ് മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആപ്പിളിൻറെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോൺ മാത്രമായിരിക്കില്ല ഐഫോൺ 17 എയർ, ഭാരക്കുറവും ഐഫോൺ 17 എയറിന് പ്രതീക്ഷിക്കുന്നു. 5.5 എംഎം കട്ടിയാണ് ഐഫോൺ 17 എയറിന് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 പ്രോ 8.25 എംഎം കട്ടിയുള്ളതായിരിക്കുന്ന സ്ഥാനത്താണിത്. ഫോൺ കൂടുതൽ സ്ലിം ആകുന്നതിനാൽ ഇൻറേണൽ ഭാഗങ്ങളിൽ ആപ്പിൾ മാറ്റങ്ങൾ വരുത്തിയേക്കും. 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലെയിലാണ് ഐഫോൺ 17 എയർ അവതരിക്കുക എന്ന് റിപ്പോർട്ടുണ്ട്. നിലവിലെ ഐഫോൺ 16 പ്രോയിലുള്ള അതേ സ്ക്രീൻ ബ്രൈറ്റ്‌നസാണ് വരാനിട.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഐഫോൺ 17 എയറിൽ ആപ്പിൾ 48 മെഗാപിക്‌സലിൻറെ വൈഡ്-ആംഗിൾ ക്യാമറ മാത്രം ഉൾപ്പെടുത്താനാണ് സാധ്യത. നിലവിലെ ഐഫോണുകളിൽ ഉപയോഗിക്കുന്ന ക്യാമറയായിരിക്കും ഇത്. റീയർ ഭാഗത്ത് പുതിയ ഹൊറിസോണ്ടൽ ക്യാമറ ബാർ വന്നേക്കും.24 എംപിയുടെ ഫ്രണ്ട് ക്യാമറ സെൽഫിക്കും വീഡിയോ കോളിംഗിനുമായി വരുമെന്ന അഭ്യൂഹവും ശക്തം. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 12 എംപി സെൽഫി ക്യാമറയിൽ നിന്നുള്ള വലിയ അപ്‌ഡേറ്റായിരിക്കും ഇത്.