+

പ്രൈവറ്റ് ബസിൽ കർശന പരിശോധനയ്ക്കൊരുങ്ങി എംവിഡി

സ്വകാര്യബസുകളിൽ ഉൾപ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ എംവിഡി . സ്‌കൂൾ-കോളേജ് വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനാണ് പരിശോധന. കഴിഞ്ഞദിവസം സ്വകാര്യ ബസിൽനിന്ന് വീണ് കോളേജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ആലപ്പുഴ: സ്വകാര്യബസുകളിൽ ഉൾപ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ എംവിഡി . സ്‌കൂൾ-കോളേജ് വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനാണ് പരിശോധന. കഴിഞ്ഞദിവസം സ്വകാര്യ ബസിൽനിന്ന് വീണ് കോളേജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു.

മോട്ടോർവാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ ബസ് ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടെന്നാണു കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യബസുകളിലും വിദ്യാർഥികൾ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലും പരിശോധന കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂൾ തുറന്ന സമയത്ത് സ്‌കൂൾ ബസുകൾക്ക് പരിശോധനകളും ബോധവത്കരണവും നടത്തിയിരുന്നു.

സ്വകാര്യബസുകളിൽ ഇത്തരത്തിലുള്ള പരിശോധനകളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതയാത്ര ഒരുക്കാനാണ് എംവിഡി ലക്ഷ്യമിടുന്നത്. മറ്റു യാത്രക്കാരുടെ ഉൾപ്പെടെയുള്ളവരുടെ യാത്രയെ ബാധിക്കാത്തവിധമായിരിക്കും സ്വകാര്യബസുകളിൽ ഉൾപ്പെടെ പരിശോധനകൾ നടത്തുന്നത്.

സ്റ്റോപ്പിൽ ഇറങ്ങുന്നതിനുമുൻപ് മുന്നോട്ടെടുത്ത സ്വകാര്യബസിൽനിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥിനിക്കു പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും വിശദീകരണം തേടും. സംഭവത്തിൽ നടപടിയെടുക്കുന്നതിനുമുന്നേ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മോട്ടോർവാഹന വകുപ്പ് ഓഫീസിലെത്തി ഇവർ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടികളിലേക്കു കടക്കും.

ബസ് ജീവനക്കാർക്കെതിരേ സൗത്ത് പോലീസും കേസെടുത്തിരുന്നു. മറ്റു നടപടികൾ സ്വീകരിക്കേണ്ടത് ഇനി മോട്ടോർവാഹന വകുപ്പാണ്. മോട്ടോർവാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ച വൈകീട്ട് 3.20-ന് വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം. തിരുവമ്പാടി അശ്വതിയിൽ റിട്ട. സിഐ വിനയകുമാറിന്റെ മകൾ സഹകരണ എൻജിനിയറിങ് കോളേജിലെ അവസാനവർഷ ബി ടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

facebook twitter