ഹൈദരാബാദ്: കഴിഞ്ഞ ഐപിഎല്‍ സീസണിലെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇക്കുറി അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോല്‍ അവസാന സ്ഥാനത്താണ്. മികച്ച കളിക്കാര്‍ ഉണ്ടായിട്ടും തുടര്‍ച്ചയായ നാലു കളികളില്‍ ടീം തോറ്റു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്ഡും അഭിഷേക് ശര്‍മയും സ്ഥിരതയോടെ കളിക്കാത്തത് ടീമിന് തലവേദനയാവുകയാണ്.
കഴിഞ്ഞദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് നിര ഫോമില്ലാതെ ഉഴലുന്നത് ടീം ഉടമ കാവ്യ മാരനേയും ചൊടിപ്പിക്കുന്നു. ഗുജറാത്തിനെതിരെ വിക്കറ്റ് വലിച്ചെറിഞ്ഞ ഓപ്പണിംഗ് ബാറ്റര്‍ അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ അവരുടെ അതൃപ്തി കാണാമായിരുന്നു.
അഞ്ചാം ഓവറിലെ നാലാം പന്തില്‍ സിറാജിന്റെ ലെങ്ത് ഡെലിവറിയില്‍ പന്ത് ശരിയായി ടൈം ചെയ്യാന്‍ അഭിഷേകിന് സാധിച്ചില്ല. 16 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 18 റണ്‍സാണ് താരം നേടിയത്.
അഭിഷേക് ശര്‍മ പുറത്തായ ഉടന്‍, ക്യാമറകള്‍ സ്റ്റാന്‍ഡില്‍ ഇരുന്ന കാവ്യ മാരനിലേക്ക് ഫോക്കസ് ചെയ്തിരുന്നു. അഭിഷേകിന്റെ പുറത്താകല്‍ അവരെ ചൊടിപ്പിച്ചെന്നാണ് ആരാധകരുടെ നിരീക്ഷണം. അഭിഷേക് പുറത്തായതിന് തൊട്ടുപിന്നാലെ, 14 പന്തില്‍ നിന്ന് 17 റണ്‍സ് നേടി ഇഷാന്‍ കിഷനും മടങ്ങി.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 153 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് അനായാസ വിജയമാണ് നേടിയത്. മികച്ച ബാറ്റിങ് വിക്കറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ ഹൈദരാബാദിന് കഴിയാതിരുന്നപ്പോള്‍ ഗുജറാത്ത് വെല്ലുവിളിയില്ലാതെ മത്സരം ജയിച്ചു.
കഴിഞ്ഞ സീസണില്‍ പലവട്ടം 250 കടത്തുകയും ഈ സീസണിലെ ആദ്യ കളിയില്‍ 300 റണ്‍സിനടുത്തെത്തുകയും ചെയ്ത ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇത്തവണ 300 റണ്‍സ് കടക്കുമെന്ന വീരവാദവുമായി സീസണ്‍ ആരംഭിച്ച എസ്ആര്‍എച്ചിന് ഇനി പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.