ഗസ്സ: ആക്രമണത്തിൽ കൊല്ലപ്പെട്ട 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഇസ്രായേൽ. ഇതോടെ, 150 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ലഭിച്ചു.
പേരുകൾ അടയാളപ്പെടുത്താത്തത് തിരിച്ചറിയാൻ പ്രയാസം സൃഷ്ടിക്കുന്നതിനാൽ ഇതിനകം 25 എണ്ണം മാത്രമാണ് തിരിച്ചറിയാനായതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലതിലും കൊടിയ പീഡനവും മർദനവും നടന്നിട്ടുണ്ട്. കണ്ണുകെട്ടിയും കൈകൾ ബന്ധിച്ചുമായിരുന്നു മൃതദേഹമെന്നും കൂട്ടിച്ചേർത്തു. നേരത്തെ കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്രായേൽ തിരിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമമടക്കം നേരിടുന്ന ഗസ്സയിൽ വ്യാഴാഴ്ച 950 ട്രക്കുകൾ കറം അബൂസാലിം അതിർത്തി കടന്നു.
ഖാൻ യൂനുസ് അടക്കം പട്ടണങ്ങളിൽ കെട്ടിടങ്ങൾ പൂർണമായി തകർത്തതിനാൽ ജനജീവിതം ദുസ്സഹമാണ്. ഗസ്സയിൽ ഹമാസിനെതിരെയെന്ന പേരിൽ ആക്രമണം ആരംഭിക്കാൻ ഇസ്രായേലിൽ സമ്മർദവുമായി കൂടുതൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ഭരണം നിയന്ത്രിക്കുന്നത് ഹമാസാണെന്നും അവരെ പൂർണമായി ഇല്ലാതാക്കുംവരെ യുദ്ധം തുടരണമെന്നും മന്ത്രിമാരായ ഇൽറ്റമർ ബെൻ ഗ്വിർ, ബെസലേൽ സ്മോട്രിച്ച്, അമിച്ചായ് ചിക്ലി, അവി ഡിച്ചർ എന്നിവർ ആവശ്യപ്പെട്ടു.