
ഗസ്സ: സമാധാന കരാറും വെടിനിർത്തൽ ഉടമ്പടിയും കാറ്റിൽപറത്തി ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു. വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന് ഒമ്പതു ദിവസത്തിനിടയിലെ ഏറ്റവും വലിയ ചോരപ്പുഴക്കായിരുന്നു ഞായറാഴ്ച ഗസ്സ സാക്ഷ്യം വഹിച്ചത്. ഇസ്രായേൽ നിയന്ത്രിത പ്രദേശത്ത് സൈന്യത്തിനുനേരെ ഹമാസ് വെടിവെച്ചുവെന്ന് ആരോപിച്ച് റഫ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി നടത്തിയ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തിൽ നാടൊഴിഞ്ഞുപോയ ഫലസ്തീനികൾ വീടുകളിലേക്ക് തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. ഇതോടെ, അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യാഥാർത്ഥ്യമായ ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ബൈത് ലാഹിയയിലെ യെല്ലോ ലൈനിൽ ഹമാസ് അതിക്രമിച്ചു കടന്നുവെന്നാണ് ഇസ്രായേൽ ആരോപണം.