ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് ഹനുമാന്‍ ആണെന്ന പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി പറഞ്ഞു.
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമര്‍ശിച്ചു. ആദ്യം ചന്ദ്രനില്‍ കാലുകുത്തിയത് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്‌ട്രോങ് അല്ല, ഹനുമാന്‍ ആണെന്നാണ് ബഹിരാകാശ ദിനത്തില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞത്.
കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കനിമൊഴി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളില്‍ അന്വേഷണത്വരയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനോടുള്ള താത്പര്യവും വളര്‍ത്തുന്നത് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കനിമൊഴി ഊന്നിപ്പറഞ്ഞു. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതില്‍ അല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും കനിമൊഴി പ്രതികരിച്ചു.