അദീന അന്‍സിലിന് കലക്കി കൊടുത്തത് 'പാരഗ്വിറ്റ്', കൊന്നത് തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതോടെ

06:56 AM Aug 02, 2025 | Suchithra Sivadas

ഷാരോണ്‍ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയെ ആരും മറക്കില്ല. ഏറെക്കുറെ സമാനമായ നടുക്കുന്ന കൊലപാതകമാണ് എറണാകുളം കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയില്‍ മേലേത്ത് മാലില്‍ വീട്ടില്‍ അലിയാര്‍ മകന്‍ 38 വയസ്സുള്ള അന്‍സില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിഷമുള്ളില്‍ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാന്‍ ചേലാട് സ്വദേശിനി അദീന നടത്തിയ ക്രൂരകൃത്യമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

വിവാഹിതനായിരുന്ന അന്‍സില്‍ ഇടയ്ക്കിടെ കോതമംഗലം ചെമ്മീന്‍ കുത്തില്‍ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തുമായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഒടുവില്‍ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു.അങ്ങനെ അന്‍സിലിനെ ഇല്ലാതാക്കാന്‍ അദീന തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി അന്‍സിലിനെ തന്ത്രപരമായിഅദീന തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അര്‍ദ്ധരാത്രി സമയത്ത് വിഷം കലക്കി നല്‍കിയതായാണ് പൊലീസ് പറയുന്നത്. പിന്നാലെ അദീന അന്‍സിലിന്റെ ബന്ധുക്കളെ വിളിച്ചു കാര്യവും പറഞ്ഞു. അവശനിലയിലായ അന്‍സില്‍ ഉടന്‍ പൊലീസിനെയും വിളിച്ചു.

അദീനയെ കസ്റ്റഡിയിലെടുത്ത പൊലീസ് ആദ്യം ചുമത്തിയത് വധശ്രമം ആയിരുന്നു. അന്‍സിലിന്റെ മരണത്തിന് പിന്നാലെ കൊലപാതക കുറ്റം ചുമത്തി. കളനാശിനിയായ പാരഗ്വിറ്റ് ആണ് അതിന് നല്‍കിയത്.  കടയില്‍ നിന്ന് കളനാശിനി വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും എല്ലാം തെളിവുകള്‍ പൊലീസിന് ലഭിച്ചു. മാരകവിഷം ശരീരത്തിന് അകത്ത് ചെന്ന് ആന്തരിക അവയവങ്ങള്‍ തകര്‍ന്നാണ് അന്‍സില്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ചെമ്മീന്‍ കുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അദീന അയല്‍വാസികളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഇടയ്ക്ക് വീട്ടില്‍ വരുന്ന ഏക വ്യക്തി അന്‍സിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അതേസമയം അന്‍സിലിനെ കൊല്ലുമെന്ന് നേരത്തെ തന്നെ അജീന ഭീഷണി മുഴക്കിയതായി അന്‍സിലിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.