സനാതന ധര്‍മ്മ പരാമര്‍ശം ; പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

02:40 PM Jan 04, 2025 | Neha Nair

ഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങള്‍. അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ധന്‍കര്‍ ചോദിച്ചു.

ഇത്തരക്കാര്‍ സമൂഹത്തിന് ഭീഷണികളായവര്‍ക്ക് വഴങ്ങിയിരിക്കുകയാണ്. സ്വയം തെറ്റിദ്ധരിക്കപ്പെട്ട് ഇവര്‍ കഴിയുകയാണെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന 27ാമത് അന്താരാഷ്ട്ര വേദാന്ത കോണ്‍ഗ്രസിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.

അതേസമയം, ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയില്‍ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്.

 ഗുരുദേവന്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികള്‍ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ സനാതന ധര്‍മ്മത്തെ നിര്‍വചിച്ച മഹാത്മാവാണ് ഗുരുദേവന്‍. ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളത്.