ഏറെ ജനശ്രദ്ധനേടിയ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചുരുളി. അടുത്തിടെ ചിത്രത്തില്‍ തനിക്ക് അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ലെന്ന് ജോജു ജോജു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ചുരുളിക്ക് തെറിയല്ലാത്തൊരു പതിപ്പ് ഉണ്ടായിരുന്നുവെന്നും അതാകും തിയറ്ററില്‍ എത്തുകയെന്നാണ് കരുതിയതെന്നും ജോജു പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെ ജോജുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് പറയുന്നു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തോളം രൂപ ജോജുവിന് നല്‍കിയതിന്റെ തെളിവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
''പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍. Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു'', എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.