പോർച്ചുഗൽ ഇതിഹാസ താരം യോർഗെ കോസ്റ്റ അന്തരിച്ചു

10:34 PM Aug 06, 2025 | Neha Nair

ലിസ്ബൺ: മുംബൈ സിറ്റിയുടെ മുൻ പരിശീലകനും പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസ താരവുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. നിലവിൽ പോർട്ടോ ക്ലബിന്റെ ഫുട്‌ബോൾ ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു.

2018-19 സീസണിൽ അദ്ദേഹം മുംബൈ സിറ്റിയെ പരിശീലിപ്പിച്ചു. ആ സീസണിൽ ടീം 39 മത്സരങ്ങളിൽ പങ്കെടുക്കുകയും 17 ജയങ്ങളും 8 സമനിലകളും നേടുകയും ചെയ്തു. 14 മത്സരങ്ങളിൽ തോറ്റു. യോർഗെ കോസ്റ്റ തന്റെ പരിശീലക ജീവിതത്തിൽ ആകെ 16 ക്ലബുകൾക്ക് പരിശീലകനായി.

പോർട്ടോ ക്ലബ്ബിന്റെ കളിക്കാരനായി വളരെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ക്ലബിന് വേണ്ടി 383 മത്സരങ്ങൾ കളിക്കുകയും 25 ഗോളുകൾ നേടുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ്, യുവേഫ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവയും ഒപ്പം എട്ടുതവണ പോർച്ചുഗൽ ലീഗും അദ്ദേഹം ജയിച്ചു. സെൻട്രൽ ബാക്കായി കളിച്ച അദ്ദേഹം പോർച്ചുഗൽ ദേശീയ ടീമിനായി 50 മത്സരങ്ങൾ കളിച്ചു, രണ്ട് ഗോളുകൾ നേടി.
1991-ൽ അണ്ടർ-20 ലോകകപ്പ് ജയിച്ച പോർച്ചുഗൽ ടീമിന്റെ അംഗമായിരുന്നു യോർഗെ കോസ്റ്റ.