കണ്ണൂർ : കോൺഗ്രസ് പുന:സംഘടനയിൽപ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും സംഘടനയിൽ മേധാവിത്വം നേടാൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ അണിയറ നീക്കങ്ങൾ തുടങ്ങി.
കെപിസിസി പുനഃസംഘടന ചര്‍ച്ചകളുമായി കെ സുധാകരന്‍ മുൻപോട്ടു പോകുന്നത് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇതിൻ്റെ ഭാഗമായി
കെ. സുധാകരന്‍ എകെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. തന്റെ പദവി നിലനിര്‍ത്തി കെപിസിസിയില്‍ നിലവിലുള്ള ജംബോ പട്ടിക പുനഃസംഘടിപ്പിക്കാനാണ് സുധാകരന്റെ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന.
സുധാകരന്‍ അടക്കം മാറി സമ്പൂര്‍ണ പുനഃസംഘടന വേണമെന്ന വിഡി സതീശന്റെ ഇതുവരെകടുംപിടുത്തം അയഞ്ഞിട്ടില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ കെപസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് കെ.സുധാകരന്റെ നീക്കം.
ഇതിന്റെ ഭാഗമായി എകെ ആന്റണിയെയും രമേശ് ചെന്നിത്തലയെയും വീടുകളിലെത്തി സുധാകരന്‍ കണ്ടു. മുന്‍കൂട്ടി നിശ്ചയിക്കാത്ത, എന്നാല്‍ ഏറെ നേരം നീണ്ടുനിന്ന കൂടിക്കാഴ്ചകളാണ് സുധാകരന്‍ നടത്തിയത്. ആദ്യം രമേശ് ചെന്നിത്തലയുടെ വീട്ടിലും തുടര്‍ന്ന് എകെ ആന്റണിയുടെ വീട്ടിലേക്ക്.
ഇരുവരുമായും നടന്ന കൂടിക്കാഴ്ചകളില്‍ പുനഃസംഘടന ചര്‍ച്ചയായെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷ പദവിയില്‍ തുടരാനാണ് സുധാകരന്റെ ആഗ്രഹം. ഇതിനുള്ള പിന്തുണ തേടിയാണ് മുതിര്‍ന്ന നേതാക്കളുടെ അടുത്ത് തന്നെ സുധാകരനെത്തിയത്.
പ്രസിഡന്റ് മാറാതെ കെപിസിസിയില്‍ നിലവിലുള്ള ജംബോ പട്ടിക പുനഃസംഘടിപ്പിക്കാനും സുധാകരന്‍ നീങ്ങുന്നുണ്ട്. കൂടാതെ ഡിസിസികളും പുനഃസംഘടിപ്പിക്കും. ഇതില്‍ കൃത്യമായ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യവും.
ഇക്കാര്യവും ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. സതീശനെതിരെ മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും ഒപ്പംകൂട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് സുധാകരന്റെ നീക്കം. ഈക്കാര്യത്തില്‍ എഐസിസിയുടെ നിലപാട നിര്‍ണായകമാകുമെന്നാണ് വിവരം. സുധാകരൻ മാറണമെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചാൽ കണ്ണൂരിലെ കരുത്തന് പുറത്ത് പോകേണ്ടിവരും.