കണ്ണൂര്‍: കൈതപ്രത്തെ ഗുഡ്‌സ് ഓട്ടോഡ്രൈവറും ബിജെപി നേതാവുമായിരുന്ന കെ കെ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. മുഖ്യപ്രതി എന്‍ കെ സന്തോഷുമായി മിനിക്കുണ്ടായിരുന്ന അതിരുകടന്ന സൗഹൃദമാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിജെപി കണ്ണൂര്‍ ജില്ലാ നേതാവായിരുന്നു മിനി.
മാര്‍ച്ച് 20-ന് നടന്ന കൊലപാതകത്തിന് പിന്നാലെ സന്തോഷ് അറസ്റ്റിലായിരുന്നു. പിന്നീട് മിനിയെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. മിനിയുമായി സന്തോഷ് ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന് മുന്‍പും ശേഷവും സന്തോഷ് മിനിയെ വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
ക്ലാസ്‌മേറ്റ് സംഗമത്തിലൂടെ അടുത്ത ഇരുവരുടേയും ബന്ധം രാധാകൃഷ്ണന്‍ എതിര്‍ക്കുകയും മിനിയെ ദേഹോപദ്രവം ചെയ്യുകയുമുണ്ടായി. ഇക്കാര്യം മിനിയിലൂടെ അറിഞ്ഞാണ് സന്തോഷ് കൊലപാതകത്തിന് പദ്ധതിയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ് ഇത് പറയുകയും ചെയ്തിരുന്നു.
രാധാകൃഷ്ണന്‍ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ തോക്കുമായെത്തിയ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് തോക്ക് നല്‍കിയതിന് സിജോ ജോസ് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.
രാധാകൃഷ്ണനെ വധിക്കാന്‍ ഒന്നാംപ്രതി എന്‍.കെ. സന്തോഷിന് പ്രേരണ നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ മിനിയെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണ് മിനി.