+

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വയനാട്ടിലെ കൽപ്പറ്റ പോലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

വയനാട്: വയനാട്ടിലെ കൽപ്പറ്റ പോലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ജിഡി ചാർജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരേയാണ് നടപടി. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ കണ്ണൂർ റേഞ്ച് ഐജിക്ക് വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.

അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുൽ ആണ് കഴിഞ്ഞ ദിവസം രാവിലെ കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുൽ 7.45-ഓടെ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുൾകൈ ഷർട്ട് ഊരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

facebook twitter