
കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ അലവിലിൽ വീടിനുള്ളിൽ ദമ്പതികളെ കത്തിക്കരിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരുടെ മരണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും ബന്ധുക്കളും.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവരുടെയും മരണവിവരം പുറംലോകം അറിഞ്ഞത്.ദമ്പതികളുടെ ഇളയമകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് ഇരുവരും ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം ഒരു ചുറ്റികകണ്ടെത്തിയിട്ടുണ്ട്. ഇതിൽ രക്തകറയുള്ളതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദമ്പതികൾക്കിടയിൽ കുടുംബവഴക്കോ എന്തെങ്കിലുംതരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പൊലിസിന് നൽകിയ മൊഴിയിൽപറയുന്നത്.ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ദമ്പതികളുടെ ഇളയമകൻ ഷിബിൻ ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയത്.ഷിബിനെകൂട്ടിക്കൊണ്ടുവരാനായി വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷിനെ നേരത്തേതന്നെ പ്രേമരാജൻ ഏർപ്പാട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏവരോടും സൗമ്യമായി പെരുമാറിയിരുന്നപ്രേമരാജൻ–ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായിജോലിചെയ്യുന്നയാളാണ് അയൽവാസി സരോഷ്. ഇന്നലെ വൈകിട്ട് ഏറെനേരം ഫോൺചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്.കോളിങ്ബെൽഅടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി.
അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.വളപട്ടണംപൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റപാടുകൾകണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പൊള്ളലേറ്റനിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റിക കൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷംമാത്രമേ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.ദമ്പതികളുടെ മൂത്തമകൻ പ്രിബിത്ത് ഓസ്ട്രേലിയയിലാണ്. പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുക. വീട്ടിൽ പൊലീസ് പരിശോധന ഇന്നു പുലർച്ചെ വരെനീണ്ടു.പുലർച്ചെയോടെയാണ് മൃതദേഹങ്ങൾപോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റിയത്. വളപട്ടണം എസ്എച്ച്ഒ പി.വിജേഷ്,എസ്ഐടി.എം.വിപിൻഎന്നിവർഅന്വേഷണത്തിനു നേതൃത്വം നൽകി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ.