കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം, കോൺഗ്രസിനുള്ളിൽ അണിയറ നീക്കം തുടങ്ങി :അവകാശവാദമുന്നയിച്ച് ഗ്രൂപ്പുകൾ

10:11 AM May 13, 2025 | AVANI MV


കണ്ണൂർ : പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡൻ്റുമാരും ചുമതലയേറ്റതോടെ സംഘടനാ അഴിച്ചു പണിക്ക് നീക്കങ്ങൾ തുടങ്ങി ഒരാഴ്ച്ചയ്ക്കുള്ളിൽ പാർട്ടി 14 ഡി.സി.സികളിലും അദ്ധ്യക്ഷൻമാരുടെ ഇളക്കി പ്രതിഷ്ഠയുണ്ടാകും. ഇതിനൊപ്പം ജില്ലകളിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളെയും നോമിനേറ്റ് ചെയ്യും.

 മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ തട്ടകമായ കണ്ണൂരിൽ സമവായ ചർച്ചകളിലൂടെ മാത്രമേ അദ്ധ്യക്ഷനെ കണ്ടെത്തുകയുള്ളു. നന്നായി പ്രവർത്തിക്കുന്ന ഡി.സി.സി അദ്ധ്യക്ഷനെന്ന നിലയ്ക്ക് മാർട്ടിൻ ജോർജിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായം കെ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമുണ്ട്. എന്നാൽ സമ്പൂർണ അഴിച്ചു പണിയാണ് കെ.പി.സി.സി ക്ക് ഹൈക്കമാൻഡ് നൽകിയ നിർദ്ദേശം. 

ഇതുകാരണം കണ്ണൂരിലും മാറ്റം അനിവാര്യമാണെന്നാണ് വിലയിരുത്തൽ.സുധാകര പക്ഷക്കാരായ മറ്റു നേതാക്കളുടെ പേരുകളാണ് ഡി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഡി.സി.സി അദ്ധ്യക്ഷനാകുമെന്ന സൂചന പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ കണ്ണൂർ ഡി.സി സി അദ്ധ്യക്ഷ പദവിക്കായി കെ.സി വേണുഗോപാൽ വിഭാഗവും അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട് രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയ നേതാക്കളുടെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. 

പഴയ കരുത്തില്ലെങ്കിലും എവിഭാഗവും ഡി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് നോട്ടമിട്ടിട്ടുണ്ട്. മുതിർന്ന നേതാവും പരിചയസമ്പന്നനുമായ ചന്ദ്രൻ തില്ലങ്കേരി, സോണി സെബാസ്റ്റ്യൻ എന്നിവരിൽ ഒരാളെ ഡി.സി.സി പ്രസിഡൻ്റാക്കണമെന്നാണ് എ ഗ്രൂപ്പിൻ്റെ ആവശ്യം.കണ്ണൂരിൽ കെ.സുധാകര പക്ഷത്തിന് തന്നെയാണ് ഇപ്പോഴും സ്വാധീനമുള്ളത്. ഇതു കൂടി പരിഗണിച്ച്  സമവായത്തിലൂടെ പുതിയ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ തേടാനാണ് സണ്ണി ജോസഫും സംഘവും ശ്രമിക്കുക.കണ്ണൂർ ഡി.സി.സി പ്രസിഡൻ്റിൻ്റെ നിയമനം കീറാമുട്ടിയാകുമോയെന്നത് വരും ദിനങ്ങളിലറിയാം.