യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കള്ള ഐഡി കാര്‍ഡ് ഉണ്ടാക്കി, വിവാദ വോയിസ് മെസേജിന് പിന്നാലെ കണ്ണൂര്‍ ഡിസിസി സെക്രട്ടറി കെസി വിജയന്‍ രാജിവെച്ചു, പാലോട് രവിക്ക് പിന്നാലെ മറ്റൊരു നേതാവും പുറത്ത്

05:28 PM Jul 29, 2025 | Desk Kerala

കണ്ണൂര്‍: ശ്രീകണ്ഠപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനൗദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ വിവാദ വോയിസ് മെസേജിന് പിന്നാലെ കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വിജയന്‍ സ്ഥാനം രാജിവെച്ചു.

കോണ്‍ഗ്രസിലും പോഷക സംഘടനകളിലുമായി 57 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നും 44 വര്‍ഷമായി കണ്ണൂരില്‍ സജീവമാണെന്നും വിജയന്‍ കെപിസസി പ്രസിഡന്റ് സണ്ണി ജോസഫിന് നല്‍കിയ തന്റെ രാജിക്കത്തില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അപമാനിച്ചപ്പോഴാണ് വോയിസ് മെജേസ് ഇടേണ്ടിവന്നത്. ഫേസ്ബുക്കിലും അപമാനിച്ചതോടെയാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആയിരുന്ന പാലോട് രവി വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്നിരുന്നു. സമാന സാഹചര്യത്തിലാണ് വിജയന്റേയും രാജി പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

കെ സി വിജയനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ പരാതി നല്‍കിയിരുന്നു. 'നാണമുണ്ടോ. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ കള്ള ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി. അത്ര അന്തസൊന്നും ചമയണ്ട. തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാന്‍ സാധിക്കും. കള്ളവോട്ടും വാങ്ങി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുന്നു. നിന്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെയാണ്. വയനാട്ടിലേക്ക് കൊടുക്കാന്‍ വേണ്ടിയുള്ള പണത്തില്‍ നിന്ന് പിടിച്ചതിന്റെ കണക്ക് അറിയാം. ബാക്കിയുള്ളത് പിന്നെ പറഞ്ഞു തുടങ്ങാം എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് ലീഡേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടാ തിരഞ്ഞെടുപ്പും വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച ഫണ്ടിനെക്കുറിച്ചും ആരോപണം നിലില്‍ക്കെയാണ ഇതേ ആരോപണങ്ങളുമായി ഡിസിസി ജനറല്‍ സെക്രട്ടറിയും രംഗത്തെത്തിയത്.