കണ്ണൂർ നഗരത്തിലെ കടകളിൽ നിന്നും മൊബൈൽ ഫോൺ കവർച്ച നടത്തിയ യുവതി റിമാൻഡിൽ

10:38 PM Jan 02, 2025 | Desk Kerala

കണ്ണൂർ:  കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ കവർന്ന കണ്ണൂർ സിറ്റി സ്വദേശിനിയായ യുവതി റിമാൻഡിൽ. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശി ബീവി ഹൗസിൽ ഷംസീറയെ (38) യെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ഡിസംബർ 28, 30 തീയ്യതികളിലാണ് കണ്ണൂർ നഗരത്തിലെ നാലോളം സ്ഥാപനങ്ങളിൽ കയറി ഇവർ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്.

28 ന് വൈകിട്ട് കണ്ണൂർ ബല്ലാർഡ് റോഡിലെ ഇബ്രാഹിമിൻ്റെ വസ്ത്ര സ്ഥാപനത്തിൽ കയറി അവിടെ കൗണ്ടറിൽ വെച്ചിരുന്ന 13,000 രൂപ വിലവരുന്ന ഫോണും വൈകിട്ട് ആറരയോടെ പുതിയ ബസ് സ്റ്റാൻഡിലെ മനോജ് കാരായിയുടെ ഫാബിയ ഇന്നർ വേൾഡ് ആൻഡ് ഡെയ്ലി വെയർ എന്ന സ്ഥാപനത്തിലെ കൗണ്ടറിൽ നിന്നും 14000 രൂപ വിലയുള്ള ഫോണും മോഷ്ടിച്ചു. 30 ന് ഉച്ചയോടെ പുതിയ ബസ് സ്റ്റാൻഡിലെ തന്നെ ഫാൻസി ഷോപ്പിൽ നിന്നും കൗണ്ടറിൽ വെച്ചിരുന്ന ജീവനക്കാരിയുടെ 24,000 രൂപ വിലവരുന്ന ഫോണും മോഷ്ടിച്ചു.

സ്ഥാപനങ്ങളിൽ സ്കൂൾ വിദ്യാർത്ഥിയായ മകനുമായി എത്തി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയാണ് ഇവർ കവർച്ച നടത്തിവരുന്നതെന്ന് പൊലിസ് പറഞ്ഞു. ഇങ്ങനെ മോഷ്ടിക്കുന്ന ഫോണുകൾ വളരെ ചെറിയ വിലയ്ക്ക് തിരൂർ മാർക്കറ്റിൽ വിൽപന നടത്തുകയാണ് ചെയ്തു വന്നിരുന്നതെന്നും പൊലിസ് പറഞ്ഞു. കണ്ണൂരിൽകോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. .