കണ്ണൂർ; പുതുവർഷത്തിൽ നാടിനെയാകെ കണ്ണീരണിയിച്ച് നേദ്യ യാത്രയായി. കൂട്ടുകാരൊന്നിച്ച് കളിചിരികളുമായി സ്കൂൾ വിട്ട് വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുരുന്നിന്റെ മരണം ഒരു നാടിനാകെ തീരാ നോവായി.സ്കൂൾ വിട്ട് മകൾ തിരിച്ചെത്തുന്നതും കാത്തിരുന്ന രക്ഷിതാക്കൾക്ക് മുന്നിലേക്ക് ഇനി ഒരിക്കലും കയറി വരാതെ ജീവനറ്റ് നേദ്യയെത്തി. ഇങ്ങനെയൊരു മടങ്ങിവരവിനായിരുന്നില്ല ആ വീടും വീട്ടുകാരും കാത്തിരുന്നത്.
നിറഞ്ഞ പുഞ്ചിരിയോടെ,പുതുവർഷത്തിലെ സ്കൂളിലെ പുത്തൻ വിശേഷങ്ങളുമായി മടങ്ങിവരേണ്ടിയിരുന്നിടത്തേക്ക് നേദ്യയെ വെള്ളപുതച്ച് കൊണ്ടുവന്നപ്പോൾ നാടും നാട്ടുകാരും ഉള്ളുലഞ്ഞ് കരഞ്ഞു. മണിക്കൂറുകളായി അടക്കിപ്പിടിച്ച കരച്ചിലുകൾ കണ്ണീരായി ഒഴുകി.നേദ്യ പഠിച്ചിരുന്ന ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൻ ജനാവലിയാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാർത്ഥികളും അധ്യാപകരും ബന്ധുക്കളും എല്ലാം ഒന്നാകെ വിതുമ്പി.കരളലിയിപ്പിക്കുന്ന കാഴ്ച്ച.നാടിന്റെ നാനാഭാഗത്ത് നിന്നും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ വളക്കൈപാലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.സ്കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയായിരുന്നു സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് പല തവണകളായി മലക്കംമറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. സ്കൂളിലും
വീട്ടിലുമായി എത്തിച്ച മൃതദേഹത്തിൽ എം പി ന്മാരായ അഡ്വ പി സന്തോഷ് കുമാർ , ജോൺ ബ്രിട്ടാസ്, സജീവ് ജോഫസ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, പഞ്ചായത്ത് പ്രസിഡന്റ് വി എം സീന തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് 1.30 ഓടെ മഞ്ചാലിലെ കുറുമാത്തൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.