തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ തട്ടുകടകള്ക്കുള്ള വിലക്ക് നീക്കി. ജനുവരി ആറു മുതൽ തട്ടുകടകൾക്ക് മാനദണ്ഡപ്രകാരം പ്രവർത്തിക്കാമെന്ന് നഗരസഭാ വകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിത കൊങ്ങായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഞ്ഞപിത്ത നിയന്ത്രണ അവലോകന യോഗത്തിലാണ് തീരുമാനം.
വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, നഗരസഭാ ആരോഗ്യ വിഭാഗം-ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.ജനുവരി അഞ്ചു വരെ നഗരസഭ പരിധിയില്‍ തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
നഗരസഭയുടെ തെരുവ് കച്ചവട റജിസ്ട്രേഷനുള്ള തെരുവ് കച്ചവടക്കാര്‍ക്ക് ഒരു കടയില്‍ പരമാവധി രണ്ടു പേരെ വച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ തുടര്‍ അനുമതി നല്കാന് യോഗം തീരുമാനിച്ചു.
ഈത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് നിര്ബനമായും സൂക്ഷിക്കേണ്ടതും തട്ടുകടകള്‍ ഫുഡ് സേഫ്റ്റി വകുപ്പില്‍ നിന്ന് റജിസ്ട്രേഷന് നിര്‍ബ്ബന്ധമായും എടുത്തിരിക്കേണ്ടതും ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതവും അത് അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ടും കടയില്‍ സൂക്ഷിക്കേണ്ടതാണ്.
കൂടാതെ വെള്ളം എടുക്കുന്ന സ്രോതസ്സ് സംബന്ധിച്ച് ഒരു സത്യവാങ്ങ് മൂലം നിര്‍ബ്ബന്ധമായും നഗരസഭയില്‍ നല്‍കേണ്ടതുമാണ്. പൊതുവായ ശുചിത്വവും ഭക്ഷണത്തിന്റെ ഗുണ നിലവാരവും ആരോഗ്യ വിഭാഗം തുടര്‍ച്ചയായി പരിശോധിക്കുന്നതും വീഴ്ചവരുത്തുന്നവരുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതും അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
നഗരസഭയുടെ സ്ട്രീറ്റ് വെന്റിംഗ് റജിസ്ട്രേഷനില്ലാത്ത അനധികൃത തട്ടുകടകള്‍ നഗരസഭാ പരിധിയില്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ലെന്നും യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് ചെയര്പേഴ്സന് വ്യക്തമാക്കി.