കണ്ണൂർ : നാടിൻ്റെ ചിരകാല സ്വപ്നമായ പാലം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് കോളാട് . മേലൂർ പ്രദേശങ്ങളിലെ ജനങ്ങൾ. പിണറായി - ധർമ്മടം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് കോളാട് പാലം നിർമ്മിച്ചത്.
ഇതിലൂടെ മഴക്കാലത്ത് കടത്തുതോണിയെ ആശ്രയിച്ചുള്ള നാട്ടുകാരുടെ യാത്ര ഏറെ ദുഷ്കരമായിരുന്നു. അങ്ങനെയാണ് 55 വർഷം മുൻപ് ഇവിടെ മരപ്പാലം നിർമ്മിക്കുന്നത്. ഓരോ വർഷവും തെങ്ങുകൾ സംഘടിപ്പിച്ച് പാലം നന്നാക്കൽ നാട്ടുകാർക്ക് വലിയ ബാദ്ധ്യതയുണ്ടാക്കി. ഇതോടെയാണ് പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായത്.
ജനകീയ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം എം.എൽ.എയുമായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലിനെ തുടർന്ന് 2019 ലെ ബജറ്റിൽ കോളാട് കോൺക്രീറ്റ് പാലത്തിനുള്ള തുക പാസായി. 13 കോടി ആറു ലക്ഷം രൂപയാണ് പാലത്തിനായി ചെലവഴിച്ചത്. പാറപ്രം ഭാഗത്തേക്ക് കടന്നുപോകുന്നതിനാൽ വൈ മോഡലിലാണ് പാലം നിർമ്മിച്ചത്.
നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തലശേരി ബ്രണ്ണൻ കോളേജ്, യൂനിവേഴ്സിറ്റി സെൻ്റർ, പാലയാട് ലീഗൽ സ്റ്റഡി സെൻ്റർ, അസാപ്പ് പാലയാട്, ജി.എച്ച്.എസ്.എസ് പാലയാട്, ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്, മുഴപ്പിലങ്ങാട് ബീച്ച്, എഡ്യുക്കേഷൻ ഹബ്, കണ്ണൂർ വിമാന താവളം എന്നിവടങ്ങളിലേക്ക് യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് തെരുവ് വിളക്കും പ്രത്യേക വാക്കിങ് വേയും ഒരുക്കിയിട്ടുണ്ട്.