കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കവേ വാർഡ് വിഭജനപ്രക്രിയ അട്ടിമറിക്കാൻ ഉന്നതതലനീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. സിപിഎമ്മിന് അനുകൂലമായി വാർഡ് വിഭജനം അശാസ്ത്രീയമായി നിർവഹിക്കാനാണ് നീക്കം നടത്തുന്നത്. ഇതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഭരണകക്ഷിയുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കുന്നവരെ നിയോഗിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി എം.ജി.സുഭാഷിന് നിർബന്ധിത അവധി നൽകിയ സംഭവമെന്ന് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.
മുമ്പ് അവധിക്ക് അപേക്ഷിച്ചപ്പോൾ ഈ ഉദ്യോഗസ്ഥന് അവധി അനുവദിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന് അവധി വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു അവധി എടുപ്പിക്കുന്ന സാഹചര്യം ആണ് ഉന്നതങ്ങളിൽ നിന്നുമുണ്ടായത്. ഏറ്റവും കൂടുതൽ ഉത്തരവാദിത്വമുള്ള തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇപ്പോൾ നടുവിൽ പഞ്ചായത്തിന്റെ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ജില്ലയിൽ പല തദ്ദേശസ്ഥാപനങ്ങളിലും രാഷ്ട്രീയ ലക്ഷ്യത്തോടെ വാർഡ് വിഭജനപ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യവിരുദ്ധമായ രീതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന അശാസ്ത്രീയ വാർഡ് വിഭജനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭരണകക്ഷിയുടെ താല്പര്യത്തിൽ വാർഡ് വിഭജന പ്രക്രിയ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ എക്കാലവും അവർക്ക് സിപിഎമ്മിന്റെ സംരക്ഷണമുണ്ടാകുമെന്ന് കരുതേണ്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.