ചെറുപുഴ : വേനൽ മഴ തുടങ്ങിയതോടെ കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിൽ തേരട്ട ശല്യം അതിരൂക്ഷമായി. വീടുകൾക്കുള്ളിൽ വരെ തേരട്ട കയറാൻ തുടങ്ങിയതോടെ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ.
ഇലകൾക്കിടയിലൂടെ നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന വലിയ തേരട്ടകൾ ചെറുപുഴ മേഖലയിൽ നിത്യ കാഴ്ച്ചയാണ്. പറമ്പിലും വീട്ടിലും കിണറ്റിലും എന്നു തുടങ്ങി മുഴുവൻ സ്ഥലങ്ങളിലും ഇവയെത്തുന്നുണ്ട്.
രണ്ട് ആഴ്ച മുൻപാണ് ബാലവാടി ഭാഗത്ത് തേരട്ടകളെത്തി തുടങ്ങിയത്. വേനൽ മഴ പെയ്തതോടെ ഇവയുടെ എണ്ണം ക്രമാതീതമായികൂടി വരികയാണ്. ഇവയുടെ ശല്യം കാരണം സമാധാനമായി കിടന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പാകം ചെയ്ത ഭക്ഷണത്തിലടക്കം തേരട്ടകളെത്തുന്നുണ്ട്. ഇതുകാരണം ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. കൃഷിയും പച്ചക്കറികളുമെല്ലാം തേരട്ടകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ചത്തൊടുങ്ങുന്നവയെ കൊണ്ടുള്ള ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്നുണ്ട്. ദിനംപ്രതി രൂക്ഷമാകുന്ന ഈ തേരട്ട ശല്യത്തിന് ഉടനടി പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കാര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.