വെള്ളാപ്പള്ളിക്ക് നൽകുന്ന സ്വീകരണത്തിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി

02:55 PM Apr 09, 2025 | AVANI MV

കണ്ണൂർ: ഏപ്രിൽ 11 ന് ചേർത്തലയിൽ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവർത്തിച്ചതിൻ്റെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ്
വെള്ളാപ്പള്ളി നടേശന് ചേർത്തല ഗവ : സ്കൂളിൽ സ്വീകരണം നൽകുന്നത്. എന്നാൽ 30 വർഷം വെള്ളാപ്പള്ളി പൂർത്തിയാക്കിയിട്ടില്ല 2015 ൽ തന്നെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കാലാവധി കഴിഞ്ഞതാണ്.

പിന്നീട് യോഗത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. വെള്ളാപ്പള്ളിയുടെ സ്വീകരണം നടക്കുന്ന അന്നേ ദിവസം യോഗം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തും. യോഗം കേന്ദ്ര ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തും. സർക്കാർ വിദ്യാലയം ദുരുപയോഗം ചെയ്തു കൊണ്ടാണ് പരിപാടി നടത്തുന്നത്. മന്ത്രി പി.പ്രസാദിൻ്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിക്ക് നൽകുന്ന സ്വീകരണം സർക്കാർ പരിപാടിയാക്കാനാണ് നീക്കം. മലപ്പുറം ജില്ലയിലെ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വർഗീയവിഷം ചീറ്റുന്ന വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നത് മതേതര സമൂഹത്തിന് തിരിച്ചടിയാകുമെന്ന് എസ്.എൻ.ഡി.പി. സംരക്ഷണ സമിതി നേതാക്കൾ മുന്നറിയിപ്പു നൽകി.

മതത്തിൻ്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് വെള്ളാപ്പള്ളിയെന്നും തൻ്റെ കുടുംബത്തിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എം.പി രാജൻ. ജില്ലാ ചെയർമാൻ ഡോ. ടി. ശശിധരൻ, കൺവീനർ എം. വിനോദ് കുമാർ അലവിൻ, എ.എം ജയറാം. ഇ.അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.