
കണ്ണൂർ : പയ്യാമ്പലത്ത് ശവദാഹത്തിനായി വിറക് ക്ഷാമം അനുഭവപ്പെടുന്ന പ്രശ്നത്തിൽ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ ബഹളം.
എൽഡിഎഫ് ബിജെപി അംഗങ്ങൾ പയ്യാമ്പലം ശ്മശാനത്തിലെ വിറക് ക്ഷാമം വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനെ തുടർന്ന് മേയർ കോർപ്പറേഷൻ യോഗം അവസാനിപ്പിക്കുകയായിരുന്നു.
പയ്യാമ്പലത്ത് ശവദാഹത്തിനായി ഇടയ്ക്കിടെ വിറക് ഇല്ലാത്തത് വലിയ പ്രശ്നമായിരിക്കുകയാണ്. ഈ പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമായിട്ടാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ എത്തിയത്. വിഷയം അജണ്ടയ്ക്ക് ശേഷം ചർച്ചക്കെടുക്കാമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹത്തിനുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യമുയർത്തി നടുത്തളത്തിലിറങ്ങി. മേയറുടെ ചേംബറിനരികിലെത്തി പ്രതിഷേധം ശക്തമായതോടെ കൗൺസിൽ അജണ്ട വായിച്ച് മേയർ യോഗം അവസാനിപ്പിക്കുകയായിരുന്നു. യോഗത്തിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥയെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.