സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് നാടിന്റെ പുരോഗതിക്ക് ചാലകശക്തിയാകുന്നത് : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

03:26 PM May 18, 2025 | Neha Nair

കണ്ണൂർ : സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ്  നാടിന്റെ പുരോഗതിക്ക് ചാലകശക്തിയാകുന്നതെന്ന് പുരാരേഖ, രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാലത്തോട് ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹരിതകേരളം ജില്ലാ മിഷനും ജനകീയ സമതിയും ചേർന്ന് ചാലത്തോടിന്റ ചെമ്പിലോട് കെ. വി. പീടിക മുതൽ നാടാൽ പാലം വരെയുള്ള ഏഴു കിലോമീറ്ററാണ് വൃത്തിയാക്കുന്നത്. പുഞ്ചിരിമുക്ക്, മണിയലംചിറ, ചാല, മിംസ് മുതൽ നടാൽ പാലം വരെ എന്നിങ്ങനെ നാല് റീച്ചുകളിലായാണ്  ശുചീകരണ പ്രവർത്തങ്ങൾ നടക്കുക. സന്നദ്ധ പ്രവർത്തകർക്കൊപ്പം മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. ജനകീയ സമതി പ്രവർത്തകർക്കു പുറമെ ചാലിയം സ്കൂൾ എസ്. പി. സി. എ അംഗങ്ങൾ, ചാല, തട്ടാംകുനി മദ്രസകളിലെ വിദ്യാർഥികൾ അധ്യാപകർ തുടങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200ഓളം പേരാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്.

ശുചീകരണ പ്രവർത്തനങ്ങളുംടെ ഭാഗമായി മെയ്‌ 11 നു ജനകീയ നടത്തവും17 ന് നാല് കേന്ദ്രങ്ങളിൽ ദീപംതെളിക്കലും ഉണ്ടായിരുന്നു.ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ. ദാമോദരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഇ. കെ. സുരേശൻ, ഹരിതകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സോമശേഖരൻ, റിസോഴ്സ് പേഴ്സൺ കെ. നാരായണൻ, കെ. ബാബുരാജ്, കെ. വി. ചന്ദ്രൻ, എം. വി. നികേഷ്, ടി. രതീശൻ, എൻ. ബാലകൃഷ്ണൻ, ഒ. പി. രവീന്ദ്രൻ, സി. പി. അശോകൻ എന്നിവർ സംസാരിച്ചു.