കൂത്തുപറമ്പിൽ ബ്രൗൺ ഷുഗറുമായി അഞ്ച് യുവാക്കളെ പൊലിസ് പിടികൂടി

09:06 AM May 21, 2025 | AVANI MV

 
കൂത്തുപറമ്പ് :ബ്രൗൺ ഷുഗറുമായി അഞ്ച് യുവാക്കളെ കൂത്തുപറമ്പ് പുറക്കളം പഴയനിരത്ത് റോഡിൽ വെച്ച് പൊലിസ് പിടികൂടി. കാറിൽ മയക്കുമരുന്ന്  കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലിസും ഡാൻസാഫ് സംഘവും ചേർന്നു നടത്തിയ  പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
കോഴിക്കോട് മുക്കാളി സ്വദേശി മുഹമ്മദ് മുർഷിദ്,  തലശേരിചിറക്കര സ്വദേശി മുഹമ്മദ് സിനാൻ, പാത്തിപ്പാലം സ്വദേശി മുഹമ്മദ് റിസൽ, ധർമ്മടം മീത്തിലെ പീടിക സ്വദേശികളായ മുഹമ്മദ് അഞ്ജൽ, മുഹമ്മദ് സാഹിൽ  എന്നിവരെയാണ് പിടികൂടിയത്. പരിശോധനയിൽ 7.16 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും കണ്ടെത്തി.


കൂത്തുപറമ്പ് ഇൻസ്പെക്ടർ   വി.ഗംഗപ്രസാദിന്റെ  നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ  ബെന്നി എം. ജെ,എ.എസ്.ഐമാരായ ബിജി എ.കെ, ബൈജു എ.സി ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ്  പ്രതികളെ ചൊവ്വാഴ്ച്ച പുലർച്ചെ നടത്തിയ പരിശോധനയിൽ പിടികൂടിയത്. രഹസ്യവിവരമനുസരിച്ചാണ് പൊലിസ് റെയ്ഡ് നടത്തിയത്.