+

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; ദേശീയ പാതയിൽ ധർമ്മശാല - ചെറുകുന്ന് റോഡിൽ പുതിയ അടിപ്പാത യാഥാർത്ഥ്യമായി

ദീര്‍ഘ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്ന ധര്‍മ്മശാല അടിപാത യാഥാര്‍ത്യമായി. ധർമ്മശാല ചെറുകുന്ന് റോഡിൽ ദേശീയ പാതയുടെ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിൽ

തളിപ്പറമ്പ : ദീര്‍ഘ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്ന ധര്‍മ്മശാല അടിപാത യാഥാര്‍ത്യമായി. ധർമ്മശാല ചെറുകുന്ന് റോഡിൽ ദേശീയ പാതയുടെ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിൽ അടിപ്പാത ഉണ്ടായിരുന്നില്ല . ഇതേ തുടര്‍ന്ന് തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഇടപെടുകയും അടിപ്പാത അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയുമായിരുന്നു . 

എന്നാൽ അനുവധിക്കപ്പെട്ട അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത രീതിയിലാണ് നിർമ്മാണം നടത്തിയത്. അടിപ്പാതയുടെ നിർമ്മാണഘട്ടത്തിൽ  തന്നെ യാത്രാ പ്രശ്നപരിഹാരത്തിന് ഈ അടിപ്പാത പര്യാപ്‌തമല്ലെന്നും വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റുന്ന രീതിയിലുള്ള അടിപ്പാത നിർമ്മിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടിരുന്നു. 25 ൽ അധികം ബസ്സുകൾ നൂറിലധികം ട്രിപ്പുകൾ ദിനം പ്രതി നടത്തുന്ന റൂട്ടിൽ വലിയ ബസുകൾക്ക് കടന്ന് പോകാൻ പറ്റാത്ത രീതിയിൽ നടത്തുന്ന നിർമ്മാണം പുതിയ തീരുമാനം ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ എം എൽ എ ആവശ്യപ്പെടുകയും ചെയ്തു .

കൂടുതല്‍ വലിപ്പമുള്ള അടിപ്പാത നിർമ്മിക്കണം എന്ന ആവശ്യം എം എൽ എ എന്ന നിലയിൽ നാഷണൽ ഹൈവേ അതോറിറ്റിയോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുകയും ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെടെ കേന്ദ്ര സർക്കാരിൽ ഇടപെടുകയും ചെയ്തു . കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ,  പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ്‌ റിയാസും  ഈ ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോൾ കൂടുതൽ വലിപ്പമുള്ള അടിപ്പാത അനുവദിച്ചത് ഉത്തരവായത്. 10 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും  2.20 കോടി രൂപ ചെലവിൽ ആണ് പുതിയ അടിപ്പാത നിർമ്മിക്കുക.

കണ്ണൂര്‍ വീമാനതാവളം , പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം,മാതൃശിശു ആശുപത്രി, ഗഅജ നാലാം ബറ്റാലിയൻ, കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് , കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് , കണ്ണപുരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ആളുകളുടെ ആവശ്യമാണ് പുതിയ അടിപ്പാത നിർമ്മിക്കുന്നതിലൂടെ സഫലീകരിക്കുന്നത്. ജനങ്ങളുടെ താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും , മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ വരുന്നതോടുകൂടി തളിപ്പറമ്പിന്റെ സര്‍വ്വതല സ്പര്‍ശിയായ വികസനം കൂടുതല്‍ വേഗതയിലാകുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ എം എല്‍ എ പറഞ്ഞു. 
 

facebook twitter