ദേശീയപാതയിലെ മണ്ണിടിച്ചിൽ, ദുരിതബാധിത കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് അബ്ദുൽ കരീം ചേലേരി

10:15 AM May 24, 2025 | AVANI MV

കണ്ണൂർ: ദേശീയപാത നിർമ്മാണത്തെ തുടർന്ന് കടുത്ത സുരക്ഷാ ഭീഷണി നേരിടുന്ന കുപ്പം സി.എച്ച്. നഗറിലെ നൂറോളം കുടുംബങ്ങളുടെ ആശങ്കകൾക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

മണ്ണിടിച്ചിൽ മൂലം സുരക്ഷാ ഭീഷണിയുള്ള സി.എച്ച്. നഗറിലെ വീട്ടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാത വികസനം ആരംഭിച്ചയുടനെ പ്രദേശത്തെ സ്ത്രീകളടക്കം അധികൃതരെ സമീപിച്ച് അശാസ്ത്രീയ നിർമ്മാണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെയും ശാസ്ത്രീയമായ ഒരു പഠനത്തിൻ്റെയും പിൻബലമില്ലാതെയും നടത്തിയ പ്രവർത്തനങ്ങളുടെ ദുരന്തമാണിത്. വളരെ വൈകി ഇതിന് വേണ്ടി തയ്യാറാക്കിയ ഡി.പി. ആറിൽ പിഴവ് പറ്റിയെന്ന കുമ്പസാരമാണ് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയിട്ടുള്ളത്. 

കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വന്ന ഒറ്റപ്പെട്ട മഴമൂലമാണ് ഈ പ്രതിസന്ധി രൂപപ്പെട്ടിട്ടുള്ളത്. കാലവർഷം ആരംഭിക്കുന്നതോടെയുണ്ടാകുന്ന കെടുതികൾ പ്രവചനാതീതമാണ്. കുപ്പം പുഴയിൽ മണ്ണിട്ട് മൂടിയത് മൂലം വെള്ളം കെട്ടിക്കിടക്കുന്നത് മൂലമുള്ള കരയിടിച്ചൽ ഭീഷണി മൂലം മുക്കുന്ന്, കുപ്പം പ്രദേശങ്ങളിലെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ആയതിനാൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.