
തൃശൂർ: പുന്നയൂർക്കുളത്ത് ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീട്ടുകാർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി വെള്ളി ഉച്ചയ്ക്ക് വീശിയ ശക്തമായ കാറ്റിലാണ് വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണത്. കുട്ടികൾ അടക്കമുള്ളവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
അകലാട് യാസീൻ പള്ളിക്ക് തെക്ക് പരേതനായ പുതുപാറക്കൽ ഹംസക്കോയയുടെ ഭാര്യ ഫാത്തിമയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഫാത്തിമയുടെ ഭർതൃ സഹോദരി നസ്രിയയും ഭർത്താവ് ഷംസും അവരുടെ മകൾ റുമൈസയും ഒന്നും മൂന്നും വയസുള്ള രണ്ട് കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പുറക് വശത്ത് ചുമരിനോട് ചേർന്ന് നിന്നിരുന്ന വലിയ തെങ്ങാണ് കടഭാഗത്തോട് ചേർന്ന് മുറിഞ്ഞു വീണത്. താബുക്ക് കട്ട ഉപയോഗിച്ച് നിർമിച്ച ചുമരും വീടിന്റെ മേൽക്കൂരയും തകർന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ടതോടെ വീടിനകത്ത് കളിക്കുകയായിരുന്ന കുട്ടികളെ എടുത്ത് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. സംഭവസ്ഥലത്ത് വാർഡ് മെമ്പർ സുബൈദ പുള്ളിക്കലെത്തി അധികൃതരെ വിവരമറിയിക്കുകയും കുടുംബത്തെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു.