തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റ് അടിക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് 59 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആലപ്പുഴയിൽ 54ഉം, വയനാട്ടിൽ 52ഉം കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരത്ത് കാറ്റിൽ മരം കടപുഴകി വീണ് വൻ ഗതാഗത തടസം അനുഭവപ്പെട്ടു.
വെങ്ങാനൂർ - തിരുവനന്തപുരം റൂട്ടിലാണ് ഗതാഗത തടസം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. മലപ്പുറത്തും സമാനമായ രീതിയിൽ കാറ്റ് മൂലം അനന്തായൂരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണിരുന്നു. ഇതിൽ കുറുമ്പാലിക്കോട് സ്വദേശി അസൈനാരുടെ വീട് തകർന്നു.
ഇതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ശക്തമായ മഴപെയുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമരകത്താണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 12 സെൻറീമീറ്റർ മഴയാണ് കുമരകത്ത് പെയ്തത്. എറണാകുളം ചുണ്ടിയിൽ 11 സെൻറീമീറ്റർ മഴ പെയ്തെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.