കണ്ണൂർ: ചെറുപുഴയിൽ പ്രാപ്പൊയിലിൽ എട്ടുവയസുകാരിയായ മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ മലാങ്കടവ് സ്വദേശി ജോസെന്ന മാമച്ചനെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. കുട്ടിയുടെയും അമ്മയുടെയും മൊഴി ചെറുപുഴ പൊലിസ് രേഖപ്പെടുത്തി. ഇതിനു ശേഷമാണ് എഫ്.ഐ ആർ രജിസ്റ്റർ ചെയ്തു കസ്റ്റഡിയിലുള്ള ജോസിൻ്റെ അറസ്റ്റ് ശനിയാഴ്ച്ച വൈകിട്ടോടെ രേഖപ്പെടുത്തിയത്.
സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ്
ആദ്യം പുറത്തുവന്നത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് ചെറുപുഴപൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.
എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഒറിജിനിലാണെന്ന് സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. മാമച്ചൻ എന്ന ജോസ് ആണ് മകളെ ക്രൂരമായി മർദിക്കുന്നത്. കാസർകോട് ചിറ്റാരിക്കൽ മലാങ്കടവ് സ്വദേശിയാണ് ജോസ്. ചെറുപുഴയിലെ പ്രാപ്പൊയിലിൽ വാടക വീടെടുത്ത് താമസിച്ചുവരികയാണ്.
ജോസ് മകളെ ഉപദ്രവിച്ചെന്ന് ബന്ധു പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇതിൽ എട്ടും പത്തും വയസുമുള്ള കുട്ടികൾക്കു നേരെയാണ് അതിക്രമം നടന്നത്. എട്ടുവയസുകാരിയെ മർദ്ദിക്കുകയും മുടി പിടിച്ചു തറയിൽ വലിച്ചിഴയ്ക്കുകയും അരിവാൾകൊണ്ടു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ബാല പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തത്.