
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം ഗവേഷണങ്ങൾക്ക് ഉണ്ടെന്നും അതിനു സർക്കാർ പ്രാധാന്യം നൽകുന്നതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കോൺഫറൻസുകൾക്കും ശിൽപശാലകൾക്കും വൈജ്ഞാനിക സമൂഹത്തിൽ വലിയ സംഭാവനകൾ നൽകാൻ കഴിയും.
കോളേജ് ഓഫ് എൻജിനിയറിങ് സംഘടിപ്പിച്ച കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര കോൺഫറൻസ് (ICCC 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. സുരേഷ് സ്വാഗതം ആശംസിച്ചു. ജപ്പാൻ യാഹൂവിലെ സീനിയർ റിസർച്ചർ ഡോ. അഖികോ കെൻ സുഗിയാമ, വി എസ് എസ് സി സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഡയറക്ടർ ഡോ. യു പി രാജീവ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.