മഴ മുന്നറിയിപ്പിൽ മാറ്റം ; കേരളത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

07:06 PM May 24, 2025 | Neha Nair

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്രകാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് തുടരും. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ അതിതീവ്ര മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴമുന്നറിയിപ്പുണ്ട്.

നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേർട്ടുണ്ട്.

നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കും. കൊങ്കൺ തീരത്തിന് മുകളിൽ രത്‌നഗിരിക്ക് സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത. മെയ് 27ഓടെ വടക്കൻ ബംഗാൾ ഉൽക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടും.