വയൽ കിളികൾ ചിരിക്കുന്നു, കീഴാറ്റൂരിൽ റോഡ് ഒലിച്ചുപോയി

10:55 PM May 27, 2025 | Desk Kerala

കണ്ണൂർ: കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപം ദേശീയപാത ബൈപ്പാസിന് പ്രവൃത്തിയുടെ ഭാഗമായി വീതി കൂട്ടിപ്പണിത റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി.  അടിപ്പാലത്തിന്റെ വീതിയിൽ റോഡ് വീതികൂട്ടി പണിയുകയും വാഹനങ്ങൾ കടന്നുപോകുകയും ചെയ്തിരുന്നു.

ബൈപ്പാസിലെ അടിപ്പാതയുടെ വീതിക്ക് സമാനമായാണ് ഇവിടെ പഴയ റോഡിനോട് ചേർന്ന് റോഡ് പണിതത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ച് മണ്ണ് ഒഴുകിപ്പോകുകയായിരുന്നു. 

ഇതോടെ റോഡിൽ അപകടാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. കൂവോട് അയുർവേദ ആശുപത്രി വഴി കുവോട്ടേക്കുള്ള റോഡിൽ പണിത അടിപ്പാതയിൽ വെള്ളം കെട്ടി നിന്നതിനാൽ അതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. 

ഇവിടെ ഹൈവേ റോഡിന് താഴെ അടിപ്പാത പണിയുമ്പോൾ തന്നെ നാട്ടുകാർ ഇതിൻ്റെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അത് അവഗണിച്ച് പ്ലാൻ അനുസരിച്ചു തന്നെ പ്രവൃത്തി നടത്തിയതാണ് ദുരിതത്തിന് കാരണമായത്.