കണ്ണൂർ :പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ 16 വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇടതുവിദ്യാർത്ഥി സംഘടനാ പ്രവർത്തകനും യുനിറ്റ് ഭാരവാഹിയുമായ യുവാവിനെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. എരിപുരം ചെങ്ങൽ സ്വദേശിയായ സനുവിനെയാണ് (22) പഴയങ്ങാടി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. 16 വയസുകാരിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റയിലൂടെ പ്രണയം നടിച്ച് വീട്ടിൽ എത്തിയാണ് പീഡിപ്പിച്ചത്.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന്, ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും അവർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് പഴയങ്ങാടി പൊലിസ് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം കുറ്റാരോപിതനായ യുവാവിനെ അറസ്റ്റു ചെയ്തു.
പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇടതുവിദ്യാർത്ഥി സംഘടനയുടെ സജീവ പ്രവർത്തകനും ചെങ്ങൽ യൂനിറ്റ് ഭാരവാഹിയുമാണ് സനുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് ഇയാൾക്കെതിരെ കേസെടുത്തത്.